Cricket Cricket-International Top News

കോലിയും യാദവും തിളങ്ങി, ഓസീസിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ! പരമ്പരയും കൈയിൽ

September 25, 2022

author:

കോലിയും യാദവും തിളങ്ങി, ഓസീസിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ! പരമ്പരയും കൈയിൽ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തിലാണ് ഇന്ത്യ വിജയം നേടിയത്.

അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവും വിരാട് കോലിയുമാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ആദ്യ ടി20 ഓസീസ് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ വിജയിച്ചാണ് രോഹിത് ശര്‍മ്മയുടെ ടീം പരമ്പര സ്വന്തമാക്കിയത്.

187 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 5 റണ്‍സ് മാത്രമുള്ളപ്പോള്‍ കെ എല്‍ രാഹുല്‍(4 പന്തില്‍ 1) പുറത്തായി. പിന്നാലെ രോഹിത് ശര്‍മ്മ 14 പന്തില്‍ 17 എടുത്തു മടങ്ങിയെങ്കിലും സൂര്യകുമാറും കോലിയും ക്രീസിൽ ഒന്നിച്ചതോടെ സ്കോർ അതിവേഗം ചലിച്ചു.

ഹെയ്‌സല്‍വുഡിന്റെ ആറാം ഓവറില്‍ തകര്‍പ്പന്‍ സിക്‌സും ഫോറും തുടര്‍ച്ചയായി അടിച്ച് കോലി തുടങ്ങിവെച്ച വെടിക്കെട്ട് പിന്നീട് സൂര്യകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. വെറും 29 പന്തുകളില്‍ നിന്ന് സൂര്യകുമാര്‍ അര്‍ധസെഞ്ചുറി നേടി. പിന്നാലെ കോലിയും സൂര്യകുമാറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. എന്നാല്‍ 14-ാം ഓവറിലെ അവസാന പന്തില്‍ സൂര്യകുമാര്‍ പുറത്തായി.

താരത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യയെ സാക്ഷിയാക്കി കോലി അര്‍ധസെഞ്ചുറി കുറിച്ചു. ഗ്രീനും കമ്മിന്‍സും ഹേസല്‍വുഡും മത്സരം കടുപ്പിക്കാന്‍ ശ്രമിച്ചതോടെ മത്സരം അവസാന ഓവറിലെത്തി. സാംസിന്‍റെ 20-ാം ഓവറിലെ ആദ്യ പന്തില്‍ കൂറ്റന്‍ സിക്‌സ് നേടിയ കോലി തൊട്ടടുത്ത പന്തില്‍ ഫിഞ്ചിന്‍റെ കൈകളിലായി. 47 പന്തില്‍ മൂന്ന് ഫോറും 4 സിക്‌സും സഹിതം കോലി 63 റണ്‍സെടുത്തു. ഒടുവില്‍ ബൗണ്ടറിയുമായി ഹാര്‍ദിക് പാണ്ഡ്യ (25) മത്സരം ഫിനിഷ് ചെയ്തു.

Leave a comment