Cricket Cricket-International Top News

ഈഡൻ ഗാർഡൻസിലെ സ്റ്റാൻഡ്സിന് ജുലൻ ഗോസ്വാമിയുടെ പേര് നൽകാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

September 24, 2022

author:

ഈഡൻ ഗാർഡൻസിലെ സ്റ്റാൻഡ്സിന് ജുലൻ ഗോസ്വാമിയുടെ പേര് നൽകാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണ് വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. എന്നാൽ അടുത്ത വർഷം വനിതാ ഐപിഎല്ലിന്റെ ഉദ്ഘാടന പതിപ്പിൽ കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

ഈഡൻ ഗാർഡൻസിൽ ജുലൻ ഗോസ്വാമിയെ ആദരിക്കുന്നതിനായി സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് താരത്തിന്റെ പേരിടാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) തീരുമാനിച്ചിരിക്കുകയാണ്. സെപ്തംബർ 24 ശനിയാഴ്ചയാണ് CAB ഈ ആശയം മുന്നോട്ട് വെച്ചത്. ഇതിനിടയിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും ജുലൻ ഒരു പ്രചോദനാത്മക ക്രിക്കറ്റ് കളിക്കാരിയാണെന്ന് പ്രതികരിക്കുകയും ചെയ്‌തു.

ഇതിഹാസങ്ങൾക്കൊപ്പമാകാൻ അർഹയാണ് ജുലൻ എന്നു കൂട്ടിച്ചേർത്ത അവിഷേക് ഡാൽമിയ സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് താരത്തിന്റെ പേരിടാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആവശ്യമായ അനുമതിക്കായി നീക്കങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

ജുലൻ ഗോസ്വാമിയും വെറ്ററൻ ബാറ്റർ മിതാലി രാജും ഇന്ത്യയ്‌ക്കായി ആറ് വനിതാ ലോകകപ്പുകളിൽ പങ്കെടുത്തിട്ടുള്ള താരങ്ങളാണ്. കൂടാതെ 2005, 2017 പതിപ്പുകളിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിലെ അവിഭാജ്യ അംഗങ്ങളായിരുന്നു ഇരുവരും.

വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോർഡും ജുലന്റെ പേരിലാണുള്ളത്. 353 അന്താരാഷ്‌ട്ര വിക്കറ്റുകളാണ് താരത്തിനുള്ളത്. വനിതാ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (43) വീഴ്ത്തിയ താരം കൂടിയാണ് അവർ.

Leave a comment