ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് നാഗ്‌പൂരിൽ, ബുംറ തിരിച്ചെത്തിയേക്കും
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് നാഗ്‌പൂരിൽ നടക്കും. നിര്‍ണായക ട്വന്റി 20 മത്സരത്തിന് ഇന്ന് നാഗ്പുരില്‍ അരങ്ങൊരുങ്ങുമ്പോള്‍ ഇന്ത്യക്കുമുന്നിലുള്ള വലിയ ചോദ്യം ജസ്പ്രീത് ബുംറ കളിക്കുമോ എന്നതാണ്. പുറത്തെ പരിക്കുമൂലം ബുംറ ഏഷ്യാകപ്പില്‍ കളിച്ചിരുന്നില്ല.
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും ആദ്യമത്സരത്തില്‍ പുറത്തിരുന്നു. എന്നാൽ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തുമെന്നാണ് സൂചന. പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക.
കനത്ത മഴയായിരുന്നു ഇന്നലെ നാഗ്‌പൂരിൽ ഉണ്ടായത്. ഇന്ത്യക്കും ഓസ്ട്രേലിയക്കും പരിശീലനത്തിന് ഇറങ്ങാൻ പോലുമായില്ല. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ഏതാനും മാറ്റങ്ങളാണ് ടീമിൽ ആരാധകർ പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ ഇറങ്ങും. രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. എന്നാൽ വിരാട് കോലിയും രോഹിത് ശർമയും ഫോമിലേക്ക് ഉയരാതെ രക്ഷയില്ല.
മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ബാറ്റിംഗിലെ ടോപ് ഫോര്‍ ഭദ്രമാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ദിനേശ് കാർത്തിക്കിനു പകരം റിഷഭ് പന്തിന് നറുക്കുവീഴാനാണ് സാധ്യത. അങ്ങനെയെങ്കിൽ അഞ്ചാമനായി പന്തും ആറാമനായി ഹാർദിക് പാണ്ഡ്യയും കാണും.
ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ആര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഫോം ഔട്ട് ആണെങ്കിലും ഭുവനേശ്വര്‍ കുമാര്‍ തന്നെ പേസ് നിരയില്‍ തുടരും. ഹര്‍ഷല്‍ പട്ടേലാകും രണ്ടാം പേസര്‍. മൂന്നാം പേസറായി ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയേക്കുമെന്നതാണ് ആശ്വാസകരമായ മറ്റൊരു കാര്യം.






































