Cricket Cricket-International Top News

ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി പാകിസ്ഥാൻ, ബാബറിന് സെഞ്ചുറി

September 23, 2022

author:

ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി പാകിസ്ഥാൻ, ബാബറിന് സെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് വമ്പൻ വിജയം. 10 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 19.3 ഓവറില്‍ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 23 പന്തുകളില്‍ നിന്ന് നാല് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ മോയിന്‍ അലിയുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ചെറിയ ഇടവേളയ്ക്ക് ഫോമിലേക്ക് തിരിച്ചെത്തിയ ബാബര്‍ അസമിന്റെ സെഞ്ചുറിയാണ് (110) പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. മുഹമ്മദ് റിസ്‌വാന്‍ (88) പുറത്താവാതെ നിന്നു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനൊപ്പമെത്തി (1-1).

പതിഞ്ഞ തുടക്കമായിരുന്നെങ്കിലും അധികം വൈകാതെ അസം താളം കണ്ടെത്തി. ടി20 കരിയറില്‍ രണ്ടാമത്തെ സെഞ്ചുറിയാണ് അസം സ്വന്തമാക്കിയത്. ഏഷ്യാ കപ്പില്‍ മോശം ഫോമിലായിരുന്ന താരം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിനെല്ലാം ചുട്ടമറുപടി നൽകുന്ന വിജയമാണ് ഇന്ന് നേടിയത്.

Leave a comment