ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗിനെ കുറ്റപ്പെടുത്തി ഗവാസ്ക്കർ രംഗത്ത്
ഡെത്ത് ഓവറുകളിലെ ഭുവനേശ്വര്‍ കുമാറിന്‍റെ ബൗളിംഗാണ് ഇന്ത്യയുടെ പ്രശ്നമെന്ന് തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും തോല്‍വി വഴങ്ങിയതോടെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യന്‍ ടീം.
ഭുവനേശ്വര്‍കുമാറിനെപ്പോലെ പരിചയസമ്പന്നനായ ഒരു ബൗളറില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമല്ല അദ്ദേഹം പുറത്തെടുക്കുന്നത്. കഴിഞ്ഞ മൂന്നോ നാലോ മത്സരങ്ങളിലായി അദ്ദേഹം ഇതാവര്‍ത്തിക്കുന്നുവെന്നും ഗവാസ്ക്കർ കുറ്റപ്പെടുത്തി. നമ്മള്‍ നല്ല രീതിയില്‍ പന്തെറിഞ്ഞില്ല എന്നതാണ് വസ്തുത. പ്രത്യേകിച്ച് പത്തൊമ്പതാം ഓവർ എന്നും മുൻതാരം കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സ് അടിച്ചെടുത്തിട്ടും ഓസ്ട്രേലിയ അവസാനം അനായാസം ജയിച്ചു കയറിയത് ബൗളർമാരുടെ പിടിപ്പുകേടാണെന്നാണ് വിമർശനം. 109-1ല്‍ നിന്ന് 142-5ലേക്ക് ഓസീസിനെ തള്ളിയിട്ട് സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഡെത്ത് ഓവറുകളി ഭുനനേശ്വർ ഉൾപ്പടെയുള്ള താരങ്ങൾ റൺസ് വഴങ്ങുന്നതിൽ പിശുക്കു കാണിക്കാതിരുന്നതോടെ ഓസീസ് അനായാസ ജയം നേടുകയായിരുന്നു.






































