ഹാർദിക്കിനും രാഹുലിനും അർധ സെഞ്ചുറി, ഇന്ത്യക്കെതിരെ ഓസീസിന് 209 റൺസ് വിജയലക്ഷ്യം
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 209 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
കെഎല്‍ രാഹുല്‍ (55), ഹാര്‍ദിക് പാണ്ഡ്യ (30 പന്തില്‍ പുറത്താവാതെ 71), സൂര്യകുമാര്‍ യാദവ് (46) എന്നിങ്ങനെയായിരുന്നു ഇവരുടെ സംഭാവന. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാൽ രാഹുലും സൂര്യകുമാറും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.
ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്കി. അധികം വൈകാതെ സൂര്യയും മടങ്ങിയതോടെ ഇന്ത്യക്ക് മികച്ച സ്കോർ നേടാനാവുമോ എന്നായി ആശങ്ക. പിന്നാലെക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനും (6) ദിനേഷ് കാര്‍ത്തിക്കിനും (6) കാര്യമായൊന്നും ചെയ്യാനായില്ല.
എന്നാൽ ഒരുവശത്ത് അടിച്ചു തകർത്ത് പാണ്ഡ്യ ഇന്ത്യയെ 200 കടത്തി. വാലറ്റത്ത് ഹർഷൽ പട്ടേലും (7) റൺസെടുത്ത് നിർണായകമായി. ഇതിനിടെ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 30 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്സ്.






































