കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തി ഇന്ത്യന്‍ താരം സ്മൃതി മന്ദാന
ഏകദിനത്തിലും ടി20 ഫോർമാറ്റിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തി ഇന്ത്യന്‍ താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബാറ്റുകൊണ്ട് തിളങ്ങിയതാണ് താരത്തിന് ഗുണമായത്. വനിതകളുടെ ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ താരം ഏകദിനത്തില്‍ ഏഴാം സ്ഥാനത്തും ഇടംപിടിച്ചു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഏകദിനത്തില്‍ ഏഴാം സ്ഥാനത്തെത്തിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറിയടക്കം 111 റണ്‍സാണ് സ്മൃതി നേടിയത്. പിന്നാലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 91 റണ്‍സും കണ്ടെത്തി. മന്ദാനക്കു പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വനിതകളുടെ ഏകദിന റാങ്കിങ്ങില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ താരം ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തെത്തി.






































