സ്റ്റീവൻ സ്മിത്ത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോൺ ഫിഞ്ച്
കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് മിച്ചൽ മാർഷ് പുറത്തായ പശ്ചാത്തലത്തിൽ സ്റ്റീവൻ സ്മിത്ത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയുടെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ആരോൺ ഫിഞ്ച് പറഞ്ഞു.
സമീപകാലത്ത് ടി20 ഫോർമാറ്റിൽ സ്മിത്ത് മികച്ച ഫോമിൽ ആയിരുന്നില്ല. പരിചയസമ്പന്നനായ താരം കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ 97.18 സ്‌ട്രൈക്ക് റേറ്റിൽ 23 ശരാശരിയിലാണ് കളിച്ചത്.
മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ സേവനവും ഇന്ത്യക്കെതിരായ പരമ്പരയിൽ ഓസ്‌ട്രേലിയക്ക് നഷ്ടമാവും. ഉഭയകക്ഷി പരമ്പരയ്‌ക്കായി നിലവിലുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ലോകകപ്പിൽ വ്യത്യസ്ത കോമ്പിനേഷനുകൾ പരീക്ഷിക്കാൻ ഓസ്ട്രേലിയ ശ്രമിക്കുമെന്നും ഫിഞ്ച് പറഞ്ഞു.
അതേസമയം ഏകദിന ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും ഫിഞ്ച് വിരമിച്ചതോടെ പുതിയ നായകനെ തേടുകയാണ് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസിന്റെ പേര് ഉയർന്നു വരുന്നുണ്ടെങ്കിലും മൂന്നു ഫോർമാറ്റിലും വ്യത്യസ്‌ത ക്യാപ്റ്റൻമാർ മതിയെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്.






































