ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് നാളെ മൊഹാലിയില്‍ തുടക്കം
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍ നടക്കും. ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. രാത്രി 7.30 മുതലാണു മത്സരം. നാളെ മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ ടി20 മത്സരങ്ങള്‍.
ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരും അടുത്തമാസം തുടങ്ങുന്ന ലോകകപ്പിന്റെ ആതിഥേയരുമാണ് ഓസ്ട്രേലിയ എന്നതിനാൽ വരാനിരിക്കുന്ന പരമ്പര ഏറെ നിർണായകമാണ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനഘട്ട കോംബിനേഷന്‍ പരീക്ഷണങ്ങളും ഈ പരമ്പരകളില്‍ കാണാം.
ഓസ്ട്രേലിയ ലോക ചാമ്പ്യന്മാരാണെങ്കില് ഇന്ത്യയാണ് നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീം. ഓസ്ട്രേലിയക്കെതിരെ ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില്‍ ഇന്ത്യക്ക് 13 എണ്ണത്തില്‍ ജയിപ്പോള്‍ ഓസീസിന് ഒമ്പത് ജയങ്ങളാണുള്ളത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.
ലോകകപ്പിനും ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പരയ്ക്കുമുള്ള ടീമിനെ കഴിഞ്ഞയാഴ്ച ഒരുമിച്ച് പ്രഖ്യാപിച്ചിരുന്നു. മൂന്നു ടീമിലും ചെറിയ മാറ്റങ്ങളുണ്ട്. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും ആദ്യ മത്സരത്തിനു മുമ്പുവരെ ടീമില്‍ മാറ്റത്തിന് അവസരമുണ്ട്.
കൊവിഡ് പോസിറ്റീവായ മുഹമ്മദ് ഷമിക്കു പകരം ഉമേഷ് യാദവായിരിക്കും ഓസീസിനെതിരെ കളിക്കാനിറങ്ങുക. സര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചഹാര്‍ എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയും പരമ്പരയിലുണ്ട്.






































