ഷമിക്ക് കൊവിഡ്, പകരക്കാരനായി ഉമേഷ് യാദവ് ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ ടീമിൽ
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവ് ഇന്ത്യൻ ടീമിൽ. കൊവിഡ്-19 പോസിറ്റീവ് ആയതിനെ തുടർന്നാണ് ഷമിക്ക് ഓസ്‌ട്രേലിയക്കെതിരായ ടി20 ഐ പരമ്പര നഷ്ടമാവുക. ബെംഗളുരുവിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന യാദവ് രണ്ട് വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ ടി20 ടീമിൽ അവസരം ലഭിക്കുന്നത്.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇടയ്ക്കിടെയാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ഉമേഷ് ഐപിഎൽ ടൂർണമെന്റിലെ സ്ഥിരം സാന്നിധ്യമാണ്. ഈ കഴിഞ്ഞ സീസണിലെ പവർപ്ലേയിലെ മികച്ച ബൗളർമാരിൽ ഒരാളായിരുന്നു ഉമേഷ്, 7.06 എന്ന എക്കോണമി റേറ്റിൽ മൊത്തത്തിൽ 16 വിക്കറ്റുകൾ വീഴ്ത്താൻ താരത്തിന് സാധിച്ചിരുന്നു.
റോയൽ ലണ്ടൻ ഏകദിന കപ്പിൽ മിഡിൽസെക്‌സിനെതിരെയും ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതാണ് ഷമിയുടെ പകരക്കാരനായി ഇന്ത്യൻ ടീമിലേക്ക് ഉമേഷ് യാദവിനെ തെരഞ്ഞെടുക്കാൻ കാരണമായത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങൾ സെപ്റ്റംബർ 20, 23, 25 തീയതികളിൽ നടക്കും.






































