ലോകകപ്പിന് ശേഷം വിരാട് കോലി ടി20-യിൽ നിന്ന് വിരമിച്ചേക്കുമെന്ന് അക്തറിന്റെ പ്രവചനം
ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷുഐബ് അക്തര്‍. ഇന്ത്യ ഡോട്ട്‌കോം സംഘടിപ്പിച്ച ലൈവ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്തര്‍.
കോലിയുടെ വിരമിക്കലിനെ കുറിച്ച് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും കഴിഞ്ഞ ദിവസം തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ടീം പുറത്താക്കുന്നതിന് മുമ്പ്, ഫോമിന്‍റെ പാരമ്യത്തില്‍ നില്‍ക്കേ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം.
ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയതിന്‍റെ കരുത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ടി20 ലോകകപ്പില്‍ ഇറങ്ങുക. ഏഷ്യാ കപ്പില്‍ അഫ്‌ഗാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി കോലി നേടിയിരുന്നു. അതിനാല്‍ തന്നെ ലോകകപ്പിലെ കോലിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
കോലിക്ക് 104 രാജ്യാന്തര ടി20കളില്‍ 51.94 ശരാശരിയില്‍ 3584 റണ്‍സ് സമ്പാദ്യമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും നൂറിലേറെ മത്സരങ്ങള്‍ വീതം കളിച്ചിട്ടുള്ള ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കോലി.






































