ഇംഗ്ലണ്ട് ടീമിന്റെ പരിശീലക നിരയിലേക്ക് രണ്ട് ഓസീസ് ഇതിഹാസങ്ങൾ കൂടി
അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ പരിശീലക നിരയിലേക്ക് ഓസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെയും ഡേവിഡ് സാക്കറെയും നിയമിച്ചു. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബാറ്റിംഗ് കോച്ചായി പ്രവർത്തിക്കുകയായിരുന്നു ഹസി.
അതേസമയം 2010 മുതൽ 2015 വരെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബോളിംഗ് കോച്ചായിരുന്ന മുൻ ഓസ്‌ട്രേലിയൻ താരം സാക്കറെയും ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ഹെഡ് കോച്ചായ മാത്യു മോട്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബർ 16 മുതൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടൂർണമെന്റിന് മുന്നോടിയായുള്ള ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമാണ് പുതിയ നിയമനം.
2010-11 ൽ ഇംഗ്ലണ്ടിന്റെ വിജയകരമായ ആഷസ് പര്യടനത്തിലെ പ്രധാന ഘടകമായിരുന്ന മുൻ ഫാസ്റ്റ് ബോളറായ സാക്കർ, അടുത്തയാഴ്ച്ച കറാച്ചിയിൽ ആരംഭിക്കുന്ന ഏഴ് മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്ഥാനിൽ ടീമിനൊപ്പം ചേരും.
അതേസമയം, ഒക്ടോബറിൽ ടീം ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ ഹസി ടീമിനൊപ്പം ചേരുമെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 22 ന് അഫ്ഗാനിസ്ഥാനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന മൂന്ന് ടി20 മത്സരങ്ങളും ഓസ്ട്രേലിയ കളിക്കും.






































