ഗാംഗുലിയ്ക്കും ജയ്ഷായ്ക്കും ബിസിസിഐയുടെ തലപ്പത്ത് തുടരാം
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ ഭരണ കാലാവധി നീട്ടാന്‍ അനുവദിക്കുന്ന ബിസിസിഐയുടെ ഭരണ ഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. വരുന്ന തെരഞ്ഞെടുപ്പിലും ഇരുവർക്കും മത്സരിക്കാം. ബിസിസിഐ ഭരണഘടനയിൽ ഇളവ് നൽകിയുള്ള ഇടക്കാല ഉത്തരവ് നാളെ പുറത്തിറക്കും.
ബിസിസിഐയുടെ ചരിത്രത്തിലെ സുപ്രധാന ഇടക്കാല വിധിയാണിത്. പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിക്കും സെക്രട്ടറിയായി ജയ് ഷായ്ക്കും ഒരു ടേം കൂടി സ്ഥാനങ്ങളില്‍ തുടരാന്‍ ബിസിസിഐ ഭരണഘടന ഭേദഗതി ചെയ്യണമായിരുന്നു. ഇതോടെയാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്.
ബിസിസിഐയുടെ ഭരണഘടനയിലെ ‘കൂളിംഗ് ഓഫ് പിരീഡ്’ ക്ലോസ് കാരണം ഗാംഗുലിയുടെയും ഷായുടെയും കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. ജയ് ഷാ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലും ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനിലും മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ ഭരണത്തിലുണ്ടായിരുന്നു.
ഇതിന് ശേഷമാണ് ഇരുവരും ബിസിസിഐ ഭാരവാഹികളായത്. അങ്ങനെ 9 വര്‍ഷം ഇരുവരും ഭരണതലത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനാല്‍ വീണ്ടും സ്ഥാനങ്ങളില്‍ തുടരാന്‍ ഇരുവരെയും ബിസിസിഐ ഭരണഘടന അനുവദിക്കുമായിരുന്നില്ല. ഇതോടെ സുപ്രീംകോടതിയിലെത്തിയ കേസിലാണ് ബിസിസിഐ ഭരണഘടനയില്‍ ഭേദഗതി അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.






































