ദക്ഷിണാഫ്രിക്കയ്‌ക്കെതിരായെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഓവലില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 118, 169. ഇംഗ്ലണ്ട് 158, ഒന്നിന് 130.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. ആദ്യടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് പിന്നീടുള്ള രണ്ട് ടെസ്റ്റുകളിലും വിജയം നേടി 2-1 ന് പരമ്പര നേടുകയായിരുന്നു. മൂന്നാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ വെറും 118 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ചുവിക്കറ്റെടുത്ത റോബിന്‍സണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 40 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്. ഇത് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വെറും 169 റണ്‍സിന് ഓള്‍ ഔട്ടായി. 36 റണ്‍സെടുത്ത ഡീന്‍ എല്‍ഗര്‍ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബെന്‍ സ്റ്റോക്‌സും സ്റ്റിയൂവര്‍ട്ട് ബ്രോഡും ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 130 റണ്‍സായി.
130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് അലക്‌സ് ലീസിന്റെ (39) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. സാക് ക്രൗളി (69), ഒല്ലി പോപ് (11) എന്നിവര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാക്കാതെ വിജയത്തിലേക്ക് നയിച്ചു.






































