ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്ന
ഐപിഎല്‍ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. നേരത്തെ 2020 ഓഗസ്റ്റ് 15-ന് മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോനിക്കൊപ്പം റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും റെയ്ന ഇനി കളിക്കില്ല. സിഎസ്കെ ഇതിഹാസമായ റെയ്നയെ ‘ചിന്നത്തല’ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. വിരമിക്കൽ പ്രഖ്യാപിച്ച താരം ബിസിസിഐക്കും ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും ആരാധകര്‍ക്കും നന്ദി അറിയിച്ചു.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നത് മതിയാക്കി വിദേശ ടി20 ലീഗുകളില്‍ കളിക്കാനാണ് റെയ്നയുടെ ശ്രമമെന്ന് ദൈനിക് ജാഗ്രണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സുരേഷ് റെയ്ന കളിക്കും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും റെയ്ന തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഇന്ത്യയ്ക്കായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സും 226 ഏകദിനങ്ങളില്‍ നിന്ന് 35.31 ശരാശരിയില്‍ 5615 റണ്‍സും 78 ട്വന്റി 20-കളില്‍ നിന്ന് 1604 റണ്‍സും നേടിയ റെയ്ന ട്വന്റി 20-യില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. 205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരം 5528 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.






































