ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹിം
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ നായകനുമായ മുഷ്ഫിഖുര്‍ റഹിം. ഏഷ്യാ കപ്പില്‍ നിന്ന് ബംഗ്ലാദേശ് പുറത്തായതിനു പിന്നാലെയാണ് മുഷ്ഫിഖുര്‍ വിരമിക്കല്‍ തീരുമാനം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടിയാണ് താരം ട്വന്റി 20യില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഏഷ്യാ കപ്പില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും അഞ്ച് റണ്‍സ് മാത്രമാണ് മുഷ്ഫിഖുറിന് നേടാനായത്.
ബംഗ്ലാദേശിനുവേണ്ടി 102 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച മുഷ്ഫിഖുര്‍ 1500 റണ്‍സ് നേടിയിട്ടുണ്ട്. 114.94 ശരാശരിയില്‍ ആറ് അര്‍ധശതകങ്ങളും നേടി. 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2006-ല്‍ സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു താരം ട്വന്റി 20യില്‍ അരങ്ങേറ്റം കുറിച്ചത്.






































