രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്, ഏഷ്യാ കപ്പിൽ നിന്നും പിൻമാറി; പകരം അക്സര്‍ പട്ടേൽ ടീമിൽ
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയതായുള്ള ഔദ്യോഗിക സ്ഥിരീകരണവും എത്തി. ജഡേജയുടെ പകരക്കാരനായി അക്സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തി ബിസിസിഐ.
ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലുള്ള ജഡേജയുടെ പരിക്കിന്‍റെ ഗൗരവത്തെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഏഷ്യാ കപ്പിന് പുറമെ ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ പരമ്പരകളിലും ജഡേജക്ക് കളിക്കാനാവുമോ എന്ന് സംശയമാണ് ബാക്കി നിൽക്കുന്നത്.
നേരത്തെ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും പരിക്കുമൂലം ഏഷ്യാ കപ്പിനുള്ള ടീമിലുള്‍പ്പെട്ടിരുന്നില്ല. ലോകകപ്പ് ടീമില്‍ ഇരുവരുമുണ്ടാകുമോ എന്ന അനിശ്ചിതത്വത്തിനിടയിലാണ് ജഡേജക്കും പരിക്കേല്‍ക്കുന്നത്.






































