ശ്രീലങ്കയ്ക്കു മുന്നിൽ 184 റൺസ് വിജയലക്ഷ്യമുയർത്തി ബംഗ്ലാദേശ്
ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കു മുന്നിൽ 184 റൺസ് വിജയലക്ഷ്യമുയർത്തി ബംഗ്ലാദേശ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 183 റൺസ് നേടുകയായിരുന്നു.
തുടക്കം ഭേദപ്പെട്ട നിലയിലാരുന്നെങ്കിലും തുടക്കത്തിലെ താളം കണ്ടെത്താൻ പാടുപെട്ട സബ്ബിർ റഹ്മാനെ (5) ബംഗ്ലാദേശിന് നഷ്‌ടപ്പെട്ടു. എന്നാൽ പിന്നീട് ക്രീസിലെത്തിയ നായകൻ ഷാക്കിബ് അൽ ഹസനെ കൂട്ടുപിടിച്ച് ഓപ്പണർ മെഹിദി ഹസൻ മിറാസ് ടീമിനെ മുന്നോട്ടു നയിച്ചു. ഏഴാം ഓവറിൽ 26 പന്തിൽ നിന്നും 38 റൺസെടുത്ത് മിറാസ് മടങ്ങിയെങ്കിലും ഷാക്കിബ് പിടിച്ചു നിന്നതോടെ സ്കോറിംഗ് മുന്നോട്ടു പോയി.
നാല് റൺസെടുത്ത് മുഷ്ഫിഖുർ റഹീം നിരാശപ്പെടുത്തിയെങ്കിലും ഷാക്കിബ് (24) അഫീഫ് ഹുസൈൻ (39), മഹമ്മദുല്ല (27), മൊസദ്ദെക് ഹുസൈൻ (24), തസ്കിൻ അഹമ്മദ് (11) എന്നിവർ മികച്ച ഫോം പുറത്തെടുത്തതോടെ ലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് കിടിലൻ സ്കോർ ലഭിക്കുകയായിരുന്നു.
ശ്രീലങ്കക്കായി ചാമിക കരുണരത്നേ, വനിന്ദു ഹസരംഗ എന്നിവർ രണ്ട് വീതം വിക്കറ്റു നേടിയപ്പോൾ ദിൽഷൻ മധുശങ്ക, മഹേഷ് തീക്ഷൻ, അസിത ഫെർണാണ്ടോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.






































