ഏഷ്യാ കപ്പ് 2022; രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ഹോങ്കോങിനെതിരെ ഇറങ്ങും
ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ നാളെ ഹോങ്കോങിനെതിരെ ഇറങ്ങും. ആതിഥേയരായ യുഎഇയെ തകര്‍ത്ത് യോഗ്യതാ പോരാട്ടം ജയിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. മറുവശത്ത് ഫേവറൈറ്റുകൾ എന്നറിയപ്പെടുന്ന ഇന്ത്യയാവട്ടെ ചിരവൈരികളായ പാകിസ്ഥാനെ മറികടന്നാണ് രണ്ടാം മത്സരത്തിനായി തയാറെടുക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയും ഹോങ്കോങും നേര്‍ക്കുനേര്‍ വരുന്നത് ഇത് മൂന്നാം തവണയാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇരു ടീമുകളും മത്സരിക്കുന്നത് ആദ്യതവണയും. ഇതിനുമുമ്പ് 2008ലും 2018ലുമായിരുന്നു ഇന്ത്യയും ഹോങ്കോങും ഏകദിനത്തിൽ ഏറ്റുമുട്ടിയത്.
പാകിസ്ഥാനെതിരായ ആദ്യ മത്സരം ജയിച്ച് സൂപ്പര്‍ ഫോര്‍ ഉറപ്പിച്ച ഇന്ത്യക്ക് നാളത്തെ മത്സരം പരീക്ഷണങ്ങള്‍ക്കുള്ള വേദി കൂടിയാവും. ആദ്യ മത്സരം നടന്ന ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരവും നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.






































