പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്. ഈ സീസണിൽ പുറത്താവുന്ന ആദ്യ പരിശീലകനാണ് ഇദ്ദേഹം. ലിവര്‍പൂളിനോടേറ്റ വമ്പന്‍ തോല്‍വിയ്ക്ക് പിന്നാലെയാണ് ക്ലബ് കോച്ചിന്റെ കസേര തെറിപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ബോൺമൗത്ത് വഴങ്ങിയത്.
ഇംഗ്ലണ്ടിന്റെ മുന്‍ മിഡ്ഫീല്‍ഡറായ പാര്‍ക്കറിന്റെ പരിശീലക മികവിലാണ് ഇത്തവണ ബോൺമൗത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് യോഗ്യത നേടിയത്. സെക്കന്‍ഡ് ടയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ സീസണില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ സീസണിലെ ആദ്യത്തെ മത്സരത്തിൽ ആസ്റ്റൻവില്ലയെ തകർത്തെറിഞ്ഞാണ് ടീം പ്രീമിയർ ലീഗിലേക്ക് വരവറിയിച്ചത്.
എന്നാൽ അവസാന മൂന്ന് മത്സരങ്ങളിലും വിജയം ഉറപ്പിക്കാൻ കഴിയാതായതോടെ പോയന്റ് പട്ടികയില്‍ 17-ാം സ്ഥാനത്തേക്ക് ബോൺമൗത്ത് വീണു. നാല് മത്സരങ്ങളില്‍ നിന്ന് 16 ഗോളുകളാണ് ടീം വഴങ്ങിയതും. 41 കാരനായ പാര്‍ക്കര്‍ക്ക് പകരം ഗ്യാരി ഓ നീല്‍ ബോൺമൗത്തിന്റെ താത്കാലിക പരിശീലകനാകും.






































