ബിബിഎല്ലിനായുള്ള ആദ്യഘട്ട ഡ്രാഫ്റ്റ് പൂർത്തിയായി; ലിയാം ലിവിംഗ്സ്റ്റണെ സ്വന്തമാക്കി മെൽബൺ റെനഗേഡ്സ്
ബിഗ് ബാഷ് ലീഗിനായുള്ള ആദ്യഘട്ട ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ ഇംഗ്ലണ്ട് ബാറ്റർ ലിയാം ലിവിംഗ്സ്റ്റണെ സ്വന്തമാക്കി മെൽബൺ റെനഗേഡ്സ്. ലിവിംഗ്സ്റ്റണിനെ കൂടാതെ റാഷിദ് ഖാൻ, ട്രെന്റ് ബോൾട്ട്, ഷദാബ് ഖാൻ എന്നിവരാണ് 24 വിദേശ താരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അന്താരാഷ്ട്ര താരങ്ങൾ.
മെൽബൺ സ്റ്റാർസ് റാഷിദിനെ തെരഞ്ഞെടുത്തെങ്കിലും അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് സ്റ്റാർ സ്പിന്നറെ നിലനിർത്താൻ തീരുമാനിച്ചു. തുടർച്ചയായ ആറാം സീസണിലാണ് ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കാൻ അഫ്ഗാൻ താരം ഒരുങ്ങുന്നത്. അതേസമയം കിവി പേസർ ബോൾട്ടിനെ മെൽബൺ സ്റ്റാർസ് ടീമിലെത്തിച്ചിട്ടുണ്ട്.
ആദ്യ റൗണ്ടിൽ തെരഞ്ഞെടുത്ത മറ്റ് ചില പ്രമുഖ കളിക്കാരിൽ സാം ബില്ലിംഗ്സ് (ബ്രിസ്ബെയ്ൻ ഹീറ്റ്), ക്രിസ് ജോർദാൻ (സിഡ്നി സിക്സേഴ്സ്), ഡേവിഡ് വില്ലി ( സിഡ്നി തണ്ടർ), ഷദാബ് ഖാൻ (ഹോബാർട്ട് ഹുറികെൻസ്) എന്നിവർ ഉൾപ്പെടുന്നു.
മറ്റ് റൗണ്ടുകളിൽ ജോ ക്ലാർക്ക് (സ്റ്റാർസ്), അലക്സ് ഹെയ്ൽസ് (തണ്ടർ), ടൈമൽ മിൽസ് (സ്കോർച്ചേഴ്സ്), ജെയിംസ് വിൻസ് (സിക്സേഴ്സ്) എന്നിവരുൾപ്പെടെ നിരവധി പ്രമുഖ താരങ്ങളെ അവരുടെ നിലവിലുള്ള ക്ലബ്ബുകൾ നിലനിർത്തുകയും ചെയ്തു.
ഇംഗ്ലീഷ് ബാറ്റർ ലോറി ഇവാൻസ് പെർത്ത് സ്കോർച്ചേഴ്സിലേക്ക് മടങ്ങി. ബിബിഎല്ലിലെ സ്ഥിരം സാന്നിധ്യങ്ങളായ കോളിൻ മൺറോ (ഹീറ്റ്), ഫിൽ സാൾട്ട് (സ്കോർച്ചേഴ്സ്), മുജീബ് ഉർ റഹ്മാൻ (റെനഗേഡ്സ്) എന്നിവർ ഈ വർഷം പുതിയ ഫ്രാഞ്ചൈസിക്കായി കളിക്കും.






































