ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു
കോവിഡ് ഭേദമായ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ദുബായില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിനു മുമ്പ് ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നത് ഇന്ത്യൻ ക്യാമ്പിൽ ആശ്വാസമേകിയിട്ടുണ്ട്. അതേസമയം ദ്രാവിഡിന്റെ അഭാവത്തില്‍ ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യ എ ടീമിനൊപ്പം ചേരാന്‍ ബെംഗളൂരുവിലേക്ക് തിരിച്ചതായാണ് വാർത്ത.
ഞായറാഴ്ച ബിസിസിഐ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ ഏഷ്യാ കപ്പിനായി ടീം യാത്ര തിരിക്കും മുമ്പ് നടത്തിയ പതിവ് പരിശോധനയിലാണ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണ് ഏഷ്യാ കപ്പ്. അതിനാൽ പരിശീലകന്റെ തിരിച്ചുവരവ് ഏറെ ഗുണം ചെയ്യും.
ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്നു ദ്രാവിഡ്. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് മുന്‍ താരം വിവിഎസ് ലക്ഷ്മണായിരുന്നു.






































