ശ്രീലങ്കയെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാൻ, വിജയലക്ഷ്യം 106 റൺസ്
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കയെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാന്റെ അത്യുഗ്രൻ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക 105 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത അഫ്ഗാന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു തുടക്കം. ആദ്യ ഓവറിൽ തന്നെ കുശാൽ മെൻഡിസിനെ പുറത്താക്കി നവീൻ-ഉൾ-ഹഖ് ലങ്കയ്ക്ക് ആദ്യ പ്രഹരം നൽകി.
പിന്നീട് രണ്ടാം ഓവർ അവസാനിക്കുമ്പോൾ ശ്രീലങ്ക 5-3 എന്ന നിലയിലേക്ക് വീണു. ചരിത് അസലങ്ക (0), പാത്തും നിസ്സാങ്ക (3) എന്നിവരാണ് ആ ഓവറിൽ കൂടാരെ കയറിയത്. ഈ അവസരത്തിൽ പരുങ്ങിയ ലങ്കയെ പിന്നീട് 17 റൺസെടുത്ത ധനുഷ്ക ഗുണതിലകയും 38 റൺസെടുത്ത് ഭാനുക രാജപക്‌സെയും പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ഇരുവരും പുറത്തായതോടെ പിന്നീട് എത്തിയവരാരും പ്രതീക്ഷക്കൊത്ത് ഉയരാത്തത് തിരിച്ചടിയായി.
38 പന്തിൽ നിന്നും ചാമിക കരുണരത്‌നെ 31 പിടിച്ചു നിന്നതാണ് ശ്രീലങ്കൻ സ്കോർ 100 കടക്കാൻ കാരണമായത്. അഫ്ഗാനിസ്ഥാനായി ഫസൽഹഖ് ഫാറൂഖി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി എന്നിവർ രണ്ടും നവീൻ-ഉൾ-ഹഖ് ഒരു വിക്കറ്റും സ്വന്തമാക്കി.






































