കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗന് വേണ്ടി കളിക്കാൻ തയാറെടുത്ത് ശുഭ്മാൻ ഗിൽ
നടന്നുകൊണ്ടിരിക്കുന്ന 2022 കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗന് വേണ്ടി കളിക്കാൻ തയാറെടുത്ത് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. താരത്തിന്റെ വിസ ക്ലിയറായാൽ ഇംഗ്ലണ്ടിലേക്ക് ഗിൽ ഉടൻ പറക്കും. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ വലംകൈയ്യൻ ബാറ്റർ മികച്ച ഫോമിലായിരുന്നു.
മൂന്ന് മത്സരങ്ങളിലായി 200-ൽ അധികം റൺസ് അടിച്ച് പരമ്പരയിലെ താരമാവാനും ശുഭ്മാൻ ഗില്ലിന് സാധിച്ചിരുന്നു. ഗില്ലിന് വിസ അനുവദിച്ചാൽ ഈ സീസണിൽ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാകും. നേരത്തെ ചേതേശ്വർ പൂജാര (സസെക്‌സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), മുഹമ്മദ് സിറാജ് (വാർവിക്ഷയർ), ഉമേഷ് യാദവ് (മിഡിൽസെക്‌സ്), നവദീപ് സൈനി (കെന്റ്) എന്നിവർ ടൂർണമെന്റിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു.
കൂടാതെ വെറ്ററൻ താരം രവി ശാസ്ത്രിക്കും (1987-91) മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്കും (2005) ശേഷം കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഗ്ലാമോർഗനു വേണ്ടി കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകും ഗിൽ.