ഫിറ്റ്നസ് നിലനിർത്താൻ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പിന്മാറാൻ തീരുമാനിച്ച് റീസ് ടോപ്ലി
ടി20 ലോകകപ്പിന് മുമ്പ് ഫിറ്റ്നസ് നിലനിർത്താൻ ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പിന്മാറാൻ തീരുമാനിച്ച് മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് പേസർ റീസ് ടോപ്ലി. ഓവൽ ഇൻവിൻസിബിൾസിന് വേണ്ടി കളിച്ച ടോപ്ലി ടൂർണമെന്റിൽ നാല് മത്സരങ്ങൾ കളിക്കുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പങ്കെടുക്കാൻ താൻ ഉണ്ടാവില്ലെന്ന സ്ഥിരീകരണം ടീമിനെ അറിയിച്ചിട്ടുണ്ട്.
ഈ വർഷം 10 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച റീസ് ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരെ 17 വിക്കറ്റുകൾ വീഴ്ത്തി. ഈ വർഷാവസാനം നടക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പിൻമാറുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന മെഗാ ടൂർണമെന്റിന് മുമ്പ് പരിക്കൊന്നും പിടിപെടാതിരിക്കാനാണ് ഒരു ചെറിയ ഇടവേള എടുക്കാൻ ടോപ്ലി തീരുമാനിച്ചിരിക്കുന്നത്.






































