ദ്രാവിഡ് ഇല്ല, ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി പ്രഖ്യാപിച്ച് ബിസിസിഐ
ഏഷ്യാ കപ്പ് മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്ത് എത്തില്ല. കോവിഡ് ബാധിതനായ ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. ഏഷ്യാ കപ്പിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ ടീമിനെപ്പം ലക്ഷ്മൺ ചേരുകയും ചെയ്‌തു. സിംബാബ്‌വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ഇറങ്ങുകയായിരുന്നു.
ബിസിസിഐ തന്നെയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സിംബാബ്‌വെ പര്യടനത്തില്‍ ടീമിന്റെ ചുമതല വിവിഎസ് ലക്ഷ്മണിന് ആയിരുന്നു. കോവിഡ് നെഗറ്റീവ് ആകുന്ന മുറയ്ക്ക് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ ദ്രാവിഡ് ടീമിനൊപ്പം ചേരും.
നിലവില്‍ ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം വി.വി.എസ് ലക്ഷ്മണ്‍ ഉണ്ട്. ദ്രാവിഡിന്റെ സംഘമായിരിക്കും ലക്ഷ്മണിനൊപ്പം പ്രവര്‍ത്തിക്കുക.






































