ആൻ്റണി യുണൈറ്റഡിലേക്ക്.?;ഇനി അടുത്ത ലക്ഷ്യം കോഡി ഗാക്പോയോ..?
യുണൈറ്റഡ് ടീമിലേക്ക് എത്തിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് അയാക്സിൻ്റെ വിംഗർ ആയ ആൻ്റണി. താരത്തിനായി യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇതുവരെ അവയൊന്നും ഫലം കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡ് സമർപ്പിച്ച ബിഡുകൾ ഒക്കെയും അയാക്സ് തള്ളിക്കളഞ്ഞിരുന്നു. 80 മില്യൺ യൂറോയുടെ ബിഡ് ആയിരുന്നു അവസാനമായി യുണൈറ്റഡ് അയാക്സിന് മുന്നിൽ സമർപ്പിച്ചത്. എന്നാൽ അതും സ്വീകരിക്കാതെ വന്നതോടെ 100 മില്യണിൻ്റെ പുതിയൊരു ബിഡ് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്. ഈ ബിഡ് എന്തായാലും അയാക്സിന് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. മാത്രമല്ല, റോട്ടർഡാമിലുള്ള അയാക്സ് ടീമിനൊപ്പം ആൻ്റണി ഇതുവരെ ചേർന്നിട്ടില്ല. കാരണം വേറൊന്നുമല്ല, താരത്തിന് ഈ സമ്മറിൽ തന്നെ യുണൈറ്റഡിലേക്ക് വരണം. നേരത്തെ തന്നെ യുണൈറ്റഡുമായി ആൻ്റണി വ്യക്തിഗത നിബന്ധനകളിൽ ധാരണയിൽ എത്തിയിരുന്നു. കൂടാതെ വെള്ളി,ശനി ദിവസങ്ങളിൽ നടന്ന പരിശീലനത്തിനും താരം അയാക്സിനൊപ്പം പങ്കെടുത്തിരുന്നില്ല. ഇതെല്ലാം തന്നെ താരം അയാക്സ് വിടുന്നതിൻ്റെ സൂചനയാണ്. അതിനാൽ ആൻ്റണിയുടെ ഓൾഡ് ട്രാഫോർഡിലേക്കുള്ള വരവിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
ആൻ്റണിയുടെ ഡീൽ നടന്നാൽ ഉടനെ യുണൈറ്റഡ് അടുത്തതായി ലക്ഷ്യം വെക്കുന്ന താരമാണ് കോഡി ഗാക്പോ. നെതർലാൻഡ്സിലെ തന്നെ ക്ലബ് ആയ PSV എയ്ൻതോവൻ്റെ താരമാണ് ഗാക്പോ. താരത്തിനായി ഉടൻ തന്നെ യുണൈറ്റഡ് മാനേജ്മെൻ്റ് എയ്ൻതോവനുമായി ബന്ധപ്പെടുമെന്ന് ആണ് ഏറ്റവും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇനി ആൻ്റണിയുടെ ഡീൽ നടന്ന് കഴിഞ്ഞാൽ ഗാക്പോയ്ക്കായുള്ള നീക്കം യുണൈറ്റഡ് ഉപേക്ഷിക്കുമോ എന്നതും സംശയമുള്ള കാര്യമാണ്. കാരണം ഗാക്പോയും ഒരു വിങ്ങർ ആണ്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.






































