പൊരുതി വീണ് സിംബാബ്വെ, മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് ജയം
സിംബാവെയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. സിക്കന്ദര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയെ വിറപ്പിച്ച സിംബാബ്വെ അവസാന ഓവർ വരെ പൊരുതിയാണ് വീണത്. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 13 റണ്‍സിന്റെ നേരിയ ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരിയത്.
ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 49-ാം ഓവര്‍ വരെ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും 49-ാം ഓവറിലെ നാലാം പന്തില്‍ റാസയെ (95 പന്തില്‍ 115) ഷര്‍ദ്ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ പറന്നുപിടിച്ചാണ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. താരം ക്രീസിൽ നിന്നിരുന്നെങ്കിൽ ആതിഥേയർക്ക് വിജയം ഉറപ്പായിരുന്നുവെന്നു വേണം പറയാൻ.
36ാം ഓവറില്‍ 169-7 എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വെയുടെ അവശ്വസനീയമായ പോരാട്ടം. എട്ടാം വിക്കറ്റില്‍ റാസ-ഇവാന്‍സ് സഖ്യം 79 പന്തില്‍ നിന്ന് 104 റണ്‍സാണ് നേടിയത്. മുന്‍നിരയും മധ്യനിരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണത് സിംബാബ്വേയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.






































