ക്രിക്കറ്റ് പൂരത്തിന് ഇനി ഏഴു ദിനങ്ങൾ മാത്രം, ഏഷ്യാ കപ്പ് ട്രോഫി അനാവരണം ചെയ്തു
അബുദാബിയിൽ ഏഷ്യാ കപ്പ് ട്രോഫി അനാവരണം ചെയ്ത് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷെയ്ഖ് നഹയാൻ മബാറക് അൽ നഹയാൻ. ഓഗസ്റ്റ് 27 നാണ് യുണൈറ്റഡ് അറബ് എമിറേറ്റിൽ (യുഎഇ) ടൂർണമെന്റിന്റെ 15-ാം പതിപ്പിന് തുടക്കമാവുക.
ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമ്മി സിൽവ, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബാഷ്ഷിർ ഉസ്മാനി, എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ഉപദേഷ്ടാവ് സുഭാൻ അഹമ്മദ്, ഏഷ്യൻ ഇവന്റ്സ് ആൻഡ് കൊമേഴ്സ്യൽ മേധാവി പ്രഭാകരൻ തൻരാജ് എന്നിവരും ട്രോഫി അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ ശ്രീലങ്കയിൽ വെച്ചായിരുന്നു ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇത് പിന്നീട് മിഡിൽ ഈസ്റ്റിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വേദികളിലായാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. ഫൈനൽ ഉൾപ്പെടെ ഒമ്പത് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയവും നാല് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഷാർജ ക്രിക്കറ്റ് സ്റ്റേഡിയവുമാണ് ഇതിൽ ഉൾപ്പെടുക.






































