സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ജയിച്ചു, പരമ്പര ഇന്ത്യക്ക്
സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ആതിഥേയരെ 161 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിംഗിൽ കാര്യങ്ങൾ അനായാസമാവുമെന്ന് വിചാരിച്ചെങ്കിലും തിരിച്ചടിയോടെയാണ് ഇന്ത്യ തുടങ്ങിയത്.
പോയ കളിയിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനെ മാറ്റി ഓപ്പണിംഗിന് ഇറങ്ങിയ നായകൻ കെഎൽ രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് തുടക്കം തന്നെ നഷ്ടമായി. 5 പന്ത് നേരിട്ട രാഹുൽ 1 റൺസുമായാണ് മടങ്ങിയത്. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് സ്കോർ മുന്നോട്ടു നയിച്ചു. എന്നാൽ ഏഴാം ഓവറിൽ ടീം സ്കോർ 47-ൽ നിൽക്കുമ്പോൾ 21 പന്തിൽ 33 റൺസെടുത്ത് ധവാനും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി.
തുടർന്ന് ഇഷാൻ കിഷൻ ക്രീസിലെത്തിയെങ്കിലും തിളാങ്ങാനായില്ല. ആറു റൺസുമായി താരം മടങ്ങിയപ്പോൾ മറുവശത്ത് മികച്ച ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു ഗിൽ. 14-ാം ഓവറിൽ 33 റൺസുമായി ഗില്ലും വീണതോടെ ഇന്ത്യ 97-4 എന്ന നിലയിലേക്ക് വീണു. എങ്കിലും കിട്ടിയ അവസരം മുതലെടുത്ത് സഞ്ജു സാംസണും (43 നോട്ട്ഔട്ട്) ദീപക് ഹൂഡയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഇടയ്ക്ക് ഹൂഡയുടെ വിക്കറ്റു വീണെങ്കിലും 26-ാം ഓവറിൽ സഞ്ജു ഇന്ത്യയെ അനായാസം വിജയത്തിലേക്ക് എത്തിച്ചു. ഒപ്പം മൂന്നു മത്സരങ്ങളുടെ പരമ്പരയും ടീമിന് സമ്മാനിച്ചു. ഇതോടെ മൂന്നാമത്തെ ഏകദിനത്തിന് പ്രകസക്തിയില്ലാതായി.






































