ജെമിമ റോഡ്രിഗസിന് പരിക്ക്, ഹൺഡ്രഡ് വുമൺസ് എഡിഷനിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും
ഇന്ത്യൻ ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗസിന് 2022 ഹൺഡ്രഡ് വുമൺസ് എഡിഷനിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാവും. കൈത്തണ്ട ഒടിഞ്ഞ് പരിക്കേറ്റതിനാലാണ് താരത്തിന് ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാവുക. അയർലൻഡ് താരം ഗാബി ലൂയിസിനെ പകരക്കാരനായി നോർത്തേൺ സൂപ്പർചാർജേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്.
ഓവൽ ഇൻവിൻസിബിൾസിനെതിരെ 32 പന്തിൽ 51 റൺസ് നേടി ശക്തമായ തുടക്കമാണ് 2022 ഹൺഡ്രഡ് വുമൺസ് സീസണിൽ ജെമിമ റോഡ്രിഗസിന് ലഭിച്ചത്. സ്മൃതി മന്ദാനയ്ക്കും ദീപ്തി ശർമ്മയ്ക്കും ഒപ്പം ഹൺഡ്രഡ് വനിതാ 2022 പതിപ്പിൽ പങ്കെടുക്കുന്ന മൂന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു റോഡ്രിഗസ്.
151 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 249 റൺസ് നേടിയ വലംകൈയ്യൻ ബാറ്റർ കഴിഞ്ഞ പതിപ്പിൽ നോർത്തേൺ സൂപ്പർചാർജേഴ്‌സിന്റെ ടോപ് സ്‌കോററായിരുന്നു. ബിർമിംഗ്ഹാമിൽ അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിലും താരം മികച്ച ഫോമിലായിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 73 ശരാശരിയിൽ 146 റൺസാണ് റോഡ്രിഗസ് അടിച്ചെടുത്തത്.






































