മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി കോലി
ക്രിക്കറ്റ് കരിയറിലുടനീളം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി. ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദങ്ങള്‍ സര്‍വസാധാരണമാണെന്നും അതില്‍ നിന്ന് മോചനം നേടാന്‍ വിശ്രമം അത്യാവശ്യമാണെന്നും കോലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ 2014-ലെ പരമ്പരയില്‍ വിഷാദരോഗം തന്നെ കീഴ്‌പ്പെടുത്തിയിരുന്നതായും കോലി വെളിപ്പെടുത്തി. എന്നെ സ്‌നേഹിക്കുന്ന, എന്നെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ എന്നോടൊപ്പമുള്ളപ്പോഴും ഞാന്‍ ഒറ്റയ്ക്കായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലൂടെ പലരും കടന്നുപോയിട്ടുണ്ടാകും. ഇത് ഗുരുതരമായ പ്രശ്‌നമാണ്. എപ്പോഴൊക്കെ ശക്തനാകാന്‍ ശ്രമിക്കുന്നുവോ അപ്പോഴെല്ലാം സങ്കടപ്പെടേണ്ടിവന്നിട്ടുണ്ടെന്ന് കോലി ഒരു അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.
നിലവില്‍ ഫോം കണ്ടെത്താതെ ബുദ്ധിമുട്ടുകയാണ് കോലി. 2019-ന് ശേഷം സെഞ്ചുറി നേടാനാവാതെ ബുദ്ധിമുട്ടുന്ന കോലിയ്ക്ക് നിലവില്‍ അര്‍ധസെഞ്ചുറി പോലും നേടാനാകുന്നില്ല. ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ.






































