ഇന്റർനാഷണൽ ലീഗ് ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഗൾഫ് ജയന്റ്സ്
ജനുവരി മുതൽ ഫെബ്രുവരി വരെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നടക്കുന്ന കന്നി ഇന്റർനാഷണൽ ലീഗ് ടി20ക്കുള്ള ടീമിനെ ഗൾഫ് ജയന്റ്സ് പ്രഖ്യാപിച്ചു. ആദ്യ സീസണിൽ അദാനി സ്‌പോർട്‌സ്‌ലൈൻ ഫ്രാഞ്ചൈസിയായ ഗൾഫ് ജയന്റ്‌സ് ഉൾപ്പെടെ ആറ് ടീമുകളാണ് പങ്കാളികളാവുന്നത്.
ക്രിസ് ജോർദാൻ, ക്രിസ് ലിൻ, ഡേവിഡ് വീസ്, ടോം ബാന്റൺ, ഷിമ്‌റോൺ ഹെറ്റ്‌മെയർ തുടങ്ങിയ പ്രമുഖ ടി20 താരങ്ങളാണ് ജയന്റ്‌സ് ടീമിൽ അണിനിരക്കുന്നത്. മുൻ സിംബാബ്‌വെ ക്യാപ്റ്റനും 2010 ലെ ഐസിസി ലോകകപ്പ് ടി20 വിജയിച്ച പരിശീലകനുമായ ആൻഡി ഫ്ലവർ (ഇംഗ്ലണ്ട്) യുഎഇ ഐഎൽടി20യുടെ ഉദ്ഘാടന സീസണിൽ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്തിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിന്റെ ക്രിക്കറ്റ് അനുഭവമാണ് ഫ്ലവർ നൽകുന്നത്. ഐപിഎൽ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മുഖ്യ പരിശീലകൻ കൂടിയായിരുന്നു അദ്ദേഹം. ഫ്ലവർ മുമ്പ് ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ദേശീയ ടീമുകളെയും പഞ്ചാബ് കിംഗ്സ് (ഐപിഎൽ), മറാത്ത അറേബ്യൻസ് (അബുദാബി ടി10), മുളട്ടാൻ സുൽത്താൻസ് (പിഎസ്എൽ), സെന്റ് ലൂസിയ കിംഗ്സ് (സിപിഎൽ), ഡൽഹി ബുൾസ് (അബു ദാബി ടി10) തുടങ്ങിയ ഫ്രാഞ്ചൈസി ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.






































