ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് തങ്ങളുടെ അക്രമണാത്മക സമീപനം തുടരും; ജയിംസ് ആൻഡേഴ്സൺ.
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് നിലവിൽ പിന്തുടരുന്ന ആക്രമണാത്മക സമീപനം തങ്ങൾ ഇനിയും തുടരുമെന്ന് സൂപ്പർ താരം ജയിംസ് ആൻഡേഴ്സൺ. ബ്രണ്ടൻ മക്കല്ലം കോച്ച് ആയി എത്തിയതിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ മെയ് 12 നാണ് മക്കല്ലം ഇംഗ്ലണ്ട് ദേശീയ ടീമിൻ്റെ കോച്ചായി ചുമതലയേറ്റത്. അതിന് ശേഷം ന്യൂസീലൻഡ്, ഇന്ത്യ തുടങ്ങിയ ടീമുകൾക്ക് എതിരെ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കളിച്ചിരുന്നു. ഇതിൽ ഒന്നിൽ പോലും ടീം തോൽവി അറിഞ്ഞിരുന്നില്ല. കോച്ച് ആയി ചുമതലയേറ്റ ഉടനെ സ്വന്തം രാജ്യമായ ന്യൂസീലൻ്റുമായാണ് മക്കല്ലത്തിന് ഏറ്റുമുട്ടേണ്ടി വന്നത്. എന്നാൽ യാതൊരുവിധ ദയാ ദാഷിണ്യവുമില്ലാതെ ഇംഗ്ലണ്ടിനൊപ്പം ഏകപക്ഷീയമായി ഈ ഒരു പരമ്പര നേടുവാൻ മക്കല്ലത്തിനായി. അതുകൊണ്ട് തന്നെ സ്വപ്നതുല്യമായ തുടക്കമാണ് അദേഹത്തിന് അവിടെ ലഭിച്ചത്.
തുടർന്ന് കോവിഡ് മൂലം മാറ്റി വെച്ചിരുന്ന ഇന്ത്യയുമായുള്ള മത്സരമായിരുന്നു. അതിലും ഇതേ ഫോം ടീമിന് പുറത്തെടുക്കാൻ കഴിഞ്ഞു. ഈ മത്സരങ്ങളിൽ എല്ലാം തന്നെ പിന്തുടർന്ന് ആണ് ഇംഗ്ലണ്ട് വിജയിച്ചത്.. ആക്രമണാത്മക സമീപനമാണ് മക്കല്ലത്തിന് കീഴിൽ ഇംഗ്ലണ്ട് ടീം പുറത്തെടുക്കുന്നത്. തെളിച്ചു പറയുകയാണെങ്കിൽ ഒരു ഏകദിന മത്സരം കളിക്കുന്ന ശൈലിയിൽ ആണ് ഇംഗ്ലണ്ട് ഇപ്പൊൾ ടെസ്റ്റ് മത്സരം കളിക്കുന്നത്. ഈ ഒരു സ്ട്രാടെജി വിജയകരമായതുകൊണ്ടുതന്നെ ഇനിയും തങ്ങൾ ഇതേ സമീപനം തുടരുമെന്ന് സ്കൈ സ്പോർട്സിന് നൽകിയ ഒരഭിമുഖത്തിൽ ജയിംസ് ആൻഡേഴ്സൺ പറയുകയുണ്ടായി. ഇനി സൗത്ത് ആഫ്രിക്കയുമായാണ് ഇംഗ്ലണ്ടിന് മത്സരം. ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സിൽ വെച്ച് നാളെയാണ് 3 മത്സരങ്ങൾ അടങ്ങുന്ന ഈ ഒരു പരമ്പര ആരംഭിക്കുക.






































