സ്റ്റോക്‌സ് ന്യൂസിലൻഡിനായി കളിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് റോസ് ടെയ്‌ലർ
ബെൻ സ്റ്റോക്‌സ് ന്യൂസിലൻഡിനായി കളിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ കിവീസ് താരം റോസ് ടെയ്‌ലർ രംഗത്ത്. അടുത്തിടെ പുറത്തിറങ്ങിയ തന്റെ ആത്മകഥയായ ‘റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഇക്കാര്യത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. 2010-ല്‍ ഏകദേശം 18 വയസുള്ളപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ ഡര്‍ഹമിന് വേണ്ടി കളിച്ചിരുന്ന സമയത്ത് താന്‍ സ്‌റ്റോക്ക്‌സിനോട് ന്യൂസീലന്‍ഡിനായി കളിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് ടെയ്‌ലര്‍ പറയുന്നു.
സ്റ്റോക്സിന് താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് പറഞ്ഞതായും അതിനാല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് സിഇഒ ജസ്റ്റിന്‍ വോണിന് സ്റ്റോക്ക്‌സ് മികച്ച യുവ ക്രിക്കറ്ററാണെന്നും അദ്ദേഹത്തിന് ന്യൂസീലന്‍ഡിനായി കളിക്കാന്‍ താത്പര്യമുണ്ടെന്നും കാട്ടി ഒരു സന്ദേശമയക്കുകയും ചെയ്‌തു. എന്നാൽ സ്റ്റോക്ക്‌സ് ന്യൂസീലന്‍ഡിലെത്തി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങട്ടെ എന്നിട്ട് നോക്കാമെന്നായിരുന്നു വോൺ മറുപടിയായി നൽകിയത്.
താഴെത്തട്ടില്‍ നിന്ന് ആരംഭിക്കാനാണെങ്കില്‍ അയാള്‍ക്ക് താത്പര്യമുണ്ടാകില്ലെന്ന് താന്‍ അറിയിച്ചുവെന്നും അതിനു ശേഷം അക്കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ടെയ്‌ലര്‍ തന്റെ ആത്മകഥയില്‍ പറയുന്നു.






































