പ്രമുഖരെല്ലാമുണ്ട്, ഏഷ്യാ കപ്പിനായുള്ള ബംഗ്ലാദേശ് ടീം ഇങ്ങനെ
ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുണൈറ്റഡ് അറബ് എമിറേറ്റ്‍സിൽ (യുഎഇ) നടക്കുന്ന ഏഷ്യാ കപ്പിനു വേണ്ടിയുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വെറ്ററൻ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിനെ അനാമുൽ ഹഖ്, മുഷ്ഫിഖുർ റഹീം, അഫീഫ് ഹുസൈൻ, മൊസാദ്ദെക് ഹുസൈൻ, മഹ്‌മുദുള്ള, മെഹിദി ഹസൻ മിറാസ്, തസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയ മുൻനിര താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്.
വിരലിനേറ്റ പരിക്കിനെ തുടർന്ന് സിംബാബ്‌വെ വൈറ്റ് ബോൾ പരമ്പര നഷ്ടമായ നൂറുൽ ഹസൻ സോഹൻ ഏഷ്യാ കപ്പിൽ തിരിച്ചെത്തുമെന്നതും ടീമിന് ആശ്വാസമേകുന്ന വാർത്തയാണ്. ഏഷ്യാ കപ്പിൽ ഇതുവരെ മൂന്ന് തവണ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും കിരീടം നേടാൻ ഇതുവരെ അവർക്കായിട്ടില്ല.
2012, 2016, 2018 വർഷങ്ങളിലായിരുന്നു ടീമിന്റെ ഫൈനൽ പ്രവേശനങ്ങൾ. തങ്ങളുടെ പരിചയസമ്പന്നരായ ചില ക്രിക്കറ്റ് താരങ്ങൾ അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിച്ചിട്ടുള്ള പരിചിതമായ യുഎഇ സാഹചര്യങ്ങളിൽ ഇത്തവണ പ്രയോജനം നേടാനാണ് ബംഗ്ലാ കടുവകൾ ശ്രമിക്കുക.
2022 ഏഷ്യാ കപ്പിനുള്ള ബംഗ്ലാദേശ് ടീം:
ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റൻ), അനാമുൽ ഹഖ്, മുഷ്ഫിഖുർ റഹീം, അഫീഫ് ഹുസൈൻ, മൊസാദേക് ഹൊസൈൻ, മഹ്മൂദുള്ള, മഹേദി ഹസൻ, മുഹമ്മദ് സൈഫുദ്ദീൻ, ഹസൻ മഹ്മൂദ്, മുസ്തഫിസുർ റഹ്മാൻ, നസും അഹമ്മദ്, സബ്ബിർ റഹ്മാൻ, ഇസബീർ റഹ്മാൻ, ഇസ ഹൊസൻ, ഇ. നൂറുൽ ഹസൻ സോഹൻ, തസ്കിൻ അഹമ്മദ്