നെതർലൻഡ്‌സിനെതിരെ ഏകദിന പരമ്പരയിൽ ഷഹീൻ അഫ്രീദി ഉണ്ടാവില്ലെന്ന് സ്ഥിരീകരണം
പാകിസ്ഥാന്റെ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് നെതർലൻഡ്‌സിനെതിരെ ആഗസ്റ്റ് 16 ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പര നഷ്‌ടമാവും. ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലെങ്കിലും ഇടങ്കയ്യൻ പേസറിന് വിശ്രമം നൽകുമെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം സ്ഥിരീകരിച്ചതോടെയാണ് താരത്തിന്റെ അസാന്നിധ്യം ഉറപ്പായത്.
ഏകദിന മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടുന്ന പാകിസ്ഥാൻ 2022 ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഷഹീൻ ഷാ അഫ്രീദിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന 2022 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.
കാൽമുട്ടിനേറ്റ പരിക്ക് കാരണം ഇടംകൈയ്യൻ സീമർ നേരത്തെ തന്നെ വിശ്രമത്തിലായിരുന്നു. എന്നാൽ വരാനിരിക്കുന്ന ഏഷ്യാ കപ്പിലേക്ക് താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ സുപ്രധാന പോരാട്ടത്തിന് മുമ്പ് ഷഹീൻ ഫിറ്റ്നസ് ആകണമെന്ന് പാകിസ്ഥാൻ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നതിനാലാണ് കൂടുതൽ വിശ്രമം അനുവദിക്കുന്നത്.






































