ഫാബിയൻ റുയിസ് പിഎസ്ജിയിലേക്ക്. റാബിയോട്ടിൻ്റെ മാതാവും ജോൺ മർട്ടഫും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തും
നപോളിയുടെ സ്പാനിഷ് മിഡ്ഫീൽഡർ ആയ ഫാബിയാൻ റൂയിസുമായി പിഎസ്ജി ധാരണയിൽ എത്തി. 5 വർഷത്തെ കരാർ ആയിരിക്കും റുയിസ് പിഎസ്ജിയുമായി ഒപ്പ് വെക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള വ്യക്തിഗത നിബന്ധനകളിൽ എല്ലാം തന്നെ ഇരുവരും തമ്മിൽ വ്യവസ്ഥയിൽ ആയിട്ടുണ്ട്. നപോളി ഇതിന് വൈകാതെ സമ്മതം മൂളുമെന്നാണ് പിഎസ്ജിയുമായുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. താരത്തിന് നിലവിൽ 2023 വരെ നപോളിയുമായി കരാർ ഉണ്ട്. അതുകൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ പിഎസ്ജിയ്ക്ക് റൂയിസിനെ സ്വന്തം കൂടാരത്തിൽ എത്തിക്കാൻ സാധിക്കൂ. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് വമ്പന്മാരുടെ ഏറ്റവും വലിയ തലവേദന അവരുടെ മിഡ്ഫീൽഡിൽ വെറാട്ടിക്ക് പറ്റിയ ഒരു പങ്കാളി ഇല്ലെന്ന് ഉള്ളതായിരുന്നു. റൂയിസ് കൂടി ടീമിലേക്ക് എത്തിയാൽ തങ്ങളുടെ മിഡ്ഫീൽഡിലെ പോരായ്മകൾ എല്ലാം അവസാനിക്കും എന്നാണ് പിഎസ്ജി ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ അഡ്രിയാൻ റാബിയോട്ടിൻ്റെ ഡീലിനായി ജോൺ മർട്ടഫും റാബിയോട്ടിൻ്റെ മാതാവും തമ്മിൽ ഇന്ന് കൂടികാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫബ്രിസിയോ റൊമാനൊ അറിയിച്ചു. എന്നാൽ താരം ഈ കൂടികാഴ്ചയിൽ ഉണ്ടായിരിക്കില്ല. യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗുമായി കഴിഞ്ഞ തിങ്കളാഴ്ച റാബിയോട്ട് ഡയറക്ട് കോളിലൂടെ ബന്ധപ്പെട്ടിരുന്നു. താരത്തിന് യുണൈറ്റഡിലേക്ക് വരാൻ എതിർപ്പുകൾ ഒന്നുമില്ലെന്നാണ് അറിയാൻ കഴിയുന്നത്. യുണൈറ്റഡ് ഡയറക്ടർ അഡ്രിയാൻ്റേ ക്യാമ്പ് സന്ദർശിക്കാൻ ഉടൻ തന്നെ ടൂറിനിൽ എത്തും. പ്രതിഫലത്തിൻ്റെ കാര്യത്തിൽ കൂടി ധാരണയിൽ എത്തിയാൽ ഉടൻതന്നെ റാബിയോട്ടിനെ ചുവന്ന കുപ്പായത്തിൽ ഓൾഡ് ട്രാഫോർഡിൽ കാണുവാൻ സാധിക്കും.






































