ധവാനെ മാറ്റി, സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ രാഹുല്‍ നയിക്കും
സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കെഎല്‍ രാഹുല്‍ നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനെയാണ് ഏകദിന പരമ്പരയില്‍ നായകനായി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍ ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചതോടെ ധവാന് പകരം രാഹുലിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം ശിഖര്‍ ധവാന് വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടീമില്‍ തുടരും. രാഹുലിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കുകയായിരുന്നു. ഏഷ്യാ കപ്പിന്റെ മുന്നൊരുക്കമായാണ് രാഹുൽ തിരികെയെത്തുന്നത്.






































