വെസ്റ്റ് ഇൻഡീസിനു മുന്നിൽ 192 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ടീം ഇന്ത്യ
നാലാം ടി20-യിൽ വെസ്റ്റ് ഇൻഡീസിനു മുന്നിൽ 192 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റിഷഭ് പന്തിന്റെയും രോഹിത് ശർമയുടെയും സഞ്ജു സാംസണിന്റെയും മികച്ച പ്രകടനമാണ് ഉയർന്ന സ്കോറിലെത്തിച്ചത്.
തുടക്കം ഗംഭീരമാക്കിയാണ് നായകൻ രോഹിത് ശർമയും സൂര്യകുമാർ യാദവും പിരിഞ്ഞത്. നാലോവറിൽ സ്കോർ 50 കടത്തിയ ശേഷമാണ് 33 റൺസുമായി രോഹിത് മടങ്ങുന്നത്. അധികം വൈകാതെ 24 റൺസുമായി സൂര്യകുമാറും മടങ്ങിയെങ്കിലും ദീപക് ഹൂഡയും പന്തും ചേർന്ന് ടീമിനെ മുന്നോട്ടു നയിച്ചു. 12-ാം ഓവറിൽ 21 റൺസെടുത്ത ഹൂഡയെ മടക്കി അൽസാരി ജോസഫാണ് വിൻഡീസിന് ബ്രേക്ക് ത്രൂ നൽകിയത്.
എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച സഞ്ജുവും പന്തും ചേർന്ന് അതിവേഗം സ്കോർ മുന്നോട്ടു നയിച്ചു. 31 പന്തിൽ 44 റൺസെടുത്ത് 15-ാം ഓവറിൽ റിഷഭ് പുറത്തായെങ്കിലും ദിനേശ് കാർത്തിക്കിന്റെ വരവ് ഇന്ത്യക്ക് പ്രതീക്ഷയേകി. എന്നാൽ 9 പന്തിൽ 6 റൺസെടുത്ത് നിരാശനായി കാർത്തിക് മടങ്ങിയെങ്കിലും 23 പന്തിൽ 30 റൺസുമായി സഞ്ജുവും 8 പന്തിൽ 20 റൺസുമായി അക്സർ പട്ടേലും ടീമിനെ മികച്ച സ്കോറിലെത്തിച്ചു. വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫും ഒബെദ് മക്കോയിയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അകേൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി.






































