ഹര്‍ഷല്‍ പട്ടേലിന് പരിക്ക്; ഏഷ്യാ കപ്പും ടി20 ലോകകപ്പും നഷ്‌ടമായേക്കും
ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനും തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശങ്ക സമ്മാനിച്ച് പേസര്‍ ഹര്‍ഷര്‍ പട്ടേലിന്റെ പരിക്ക്. താരത്തിന് ഏഷ്യാ കപ്പ് നഷ്‌ടമാകുമെന്നും ടി20 ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ക്ക് സംശയമാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പരിക്കു മൂലം ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡിലേക്ക് ഹര്‍ഷലിനെ പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്‌ചയാണ് ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത്. നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഹർഷൽ. എങ്കിലും പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടില്ല.
വാരിയെല്ലിന് പരിക്കേറ്റ താരത്തെ ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനും തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിലും പരിഗണിച്ചേക്കില്ല. ബോളിംഗിലെ വൈവിധ്യത്തിനും പെർഫോമൻസിനും പേരുകേട്ട ഹർഷൽ ട്വന്റി 20 സ്പെഷ്യലിസ്റ്റ് പേസ് ബോളർ കൂടിയാണ്. പരിക്കിന് നാലോ ആറോ ആഴ്ച്ചത്തെ വിശ്രമവും പുനരധിവാസവും ആവശ്യമായതിനാൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പും നഷ്‌ടവുമെന്നുറപ്പാണ്.
കഴിഞ്ഞ വർഷം നവംബറിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യക്കായി 17 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഹർഷൽ, ജൂലൈ 10-ന് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമിൽ കളിച്ചതിന് ശേഷം കളിച്ചിട്ടില്ല.






































