നവ്ദീപ് സൈനിയെ നിലനിർത്താൻ തീരുമാനിച്ച് കെന്റ് സ്പിറ്റ്ഫയർ
റോയൽ ലണ്ടൻ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിലും ഇന്ത്യൻ പേസർ നവ്ദീപ് സൈനിയെ നിലനിർത്താൻ തീരുമാനിച്ച് കെന്റ് സ്പിറ്റ്ഫയർ. താരം ടീമിനൊപ്പം തുടരുമെന്ന് ഇംഗ്ലീഷ് കൗണ്ടി ടീം കെന്റ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിന്റെ ആഭ്യന്തര 50 ഓവർ ടൂർണമെന്റായ റോയൽ ലണ്ടൻ കപ്പിൽ അഞ്ച് മത്സരങ്ങളിൽ പങ്കെടുക്കാനാണ് താരം ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാൽ റെഡ് ബോൾ ടൂർണമെന്റിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം 50 ഓവർ ടൂർണമെന്റിലും സൈനിയെ മുഴുവൻ സമയവും നിലനിർത്താനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വോർസെസ്റ്റർഷയറിനെതിരായ കെന്റിന്റെ ആദ്യ മത്സരത്തിന് ശേഷം വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി 20 മത്സരങ്ങളിൽ പങ്കെടുക്കാൻ ന്യൂസിലൻഡിന്റെ പേസർ മാറ്റ് ഹെൻറി പോയ സാഹചര്യത്തിലാണ് നവ്ദീപ് സൈനിയെ നിലനിർത്തുന്നത്.
വാർവിക്ഷെയറിനെതിരായ കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കെന്റിന് വേണ്ടിയുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ഇന്ത്യൻ താരത്തിന് സാധിച്ചിരുന്നു. നിലവിലെ ചാമ്പ്യൻമാർക്കെതിരെ 177 റൺസിന്റെ തകർപ്പൻ വിജയം നേടിയപ്പോൾ സെയ്‌നി മത്സരത്തിൽ ഏഴ് വിക്കറ്റുകളായിരുന്നു വീഴ്ത്തിയത്.






































