ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു
ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ 2022 പതിപ്പിനായുള്ള മത്സരക്രമം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ പുറത്തുവിട്ടു. ഈ മാസം 27-ന് യുഎഇയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക.
27-ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂര്‍ണമെന്‍റില്‍ 28-നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ദുബായിയാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക. 30-ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും.31-ന് ദുബായില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.
ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക.
പ്രാഥമിക റൗണ്ടുകള്‍ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുടങ്ങുന്ന സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്താക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. നാലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും ഏറ്റുമുട്ടും. 11ന് സൂപ്പര്‍ ഫോറില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ തമ്മില്‍ കിരീടപ്പോരാട്ടത്തില്‍ മത്സരിക്കും. ഫൈനലിന് മുമ്പ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രണ്ട് തവണ വീതം തമ്മില്‍ മത്സരിക്കുന്ന രിതിയിലാണ് മത്സരക്രമം.






































