വിൻഡീസിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി
വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ആവേശം അവസാന ഓവർ വരെ നീണ്ടെങ്കിലും ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു.
ലഗേജ് എത്താന്‍ വൈകിയത് മൂലം മൂന്ന് മണിക്കൂര്‍ വൈകി തുടങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138-ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു വിൻഡീസിന് വിജയിക്കാനാവശ്യം. എന്നാൽ, ആദ്യ പന്തിൽ നോബോൾ എറിഞ്ഞ ആവേഷ്, രണ്ടാം പന്തിൽ സിക്സും തൊട്ടടുത്ത പന്തിൽ ഫോറും വഴങ്ങിയതോടെ വിൻഡീസ് സമ്മർദ്ദമില്ലാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയിപ്പിച്ചത്.
അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിങ്സും നിർണായകമായി. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന് ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കകയായിരുന്നു. ആറ് വിക്കറ്റുകള്‍ കൊയ്ത് ഒബേദ് മെക്കോയ് ആണ് ഇന്ത്യയെ കുറഞ്ഞ റൺസിൽ ഒതുക്കിയത്. മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായാണ് തുടങ്ങിയത്. 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.






































