വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ കരുത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ മറുവശത്ത് തോൽവിയുടെ പടുകുഴിയിലേക്ക് വീഴാതിരിക്കാനുള്ള ശ്രമത്തിലായിരിക്കും വിൻഡീസ്. വമ്പനടിക്കാരുണ്ടെങ്കിലും വിന്‍ഡീസിന് ഏകദിനത്തിന് പിന്നാലെ ടി20യിലും പരാജയമാവുകയാണ്.
മൂന്ന് സ്പിന്നര്‍മാരെ ഇറക്കി വിന്‍ഡീസിനെ കറക്കിവീഴ്ത്തിയ തന്ത്രം രണ്ടാം മത്സരത്തിലും ഇന്ത്യ തുടര്‍ന്നേക്കും. ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് ത്രയമാണ് ആദ്യമത്സരത്തില്‍ ഇറങ്ങിയത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഫിനിഷറായി തിളങ്ങുന്ന ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ കരുത്താണ്. അതേസമയം ശ്രേയസ് അയ്യരിനെ ഒഴിവാക്കി മറ്റൊർക്കെങ്കിലും അവസരം കൊടുക്കുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പോരാത്തതിന് രോഹിത്തിനൊപ്പം ആരാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ എത്തുക എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഓപ്പണിംഗില്‍ സൂര്യകുമാറിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. ഈ വര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍. ടീമിൽ മാറ്റം വരുത്തിയില്ലെങ്കിൽ റിഷഭ് പന്ത് ഓപ്പൺ ചെയ്യാനാണ് സാധ്യത.






































