സിംബാബ്വെ പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു സ്ക്വാഡിൽ
സിംബാബ്വെയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര നഷ്ടപ്പെട്ട കെഎൽ രാഹുലിനെ വീണ്ടും ഒഴിവാക്കിയതിനാൽ ശിഖർ ധവാൻ തന്നെയാവും പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുക. മലയാളി താരം സഞ്ജു സാംസണും പര്യടത്തിനുണ്ടാവും.
യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിലായിരിക്കും കെഎൽ രാഹുൽ ഇനി തിരിച്ചെത്തുക. ഫോം വീണ്ടെടുക്കുന്നതിനായി സൂപ്പർ താരം വിരാട് കോലി തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സിംബാബ്വെ പര്യടനത്തിലും താരത്തിന് വിശ്രമം നൽകാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഏഷ്യാ കപ്പ് കണക്കിലെടുത്താണ് താരത്തിന്ന് വിശ്രമം അനുവദിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്.
അതേസമയം ഇന്ത്യൻ പേസർ ദീപക് ചാഹർ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയാണ്. പരിക്കിന്റെ പിടിയിലായിരുന്ന ചാഹറിന് ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) തുടർന്നുള്ള അന്താരാഷ്ട്ര പരമ്പരകളും നഷ്ടപ്പെട്ടിരുന്നു. ദീപക് ചാഹറിന് പുറമേ ഫിറ്റ്നസ് വീണ്ടെടുത്ത് കൗണ്ടി ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ വാഷിംഗ്ടൺ സുന്ദറിനും ബിസിസിഐ അവസരം ഒരുക്കിയിട്ടുണ്ട്.
സിംബാബ്വെ ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്. പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.






































