ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വമ്പന്‍ മുന്നേറ്റവുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം
ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ വമ്പന്‍ മുന്നേറ്റവുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തുള്ള ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് രണ്ടാമത്. ബാബര്‍ മൂന്നാമതും സ്മിത്ത് നാലാമതുമാണ്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ ഉജ്ജ്വല സെഞ്ചുറി പ്രകടനമാണ് ബാബറിന് ഓസീസ് താരത്തെ മറികടക്കാൻ സഹായിച്ചത്.
കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റുമായാണ്(874) ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പന്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമെയുള്ളു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും. പന്ത് അഞ്ചാം സ്ഥാനത്തും രോഹിത് ഒമ്പതാതുമാണ്. മുന്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോലി പുതിയ റാങ്കിംഗില്‍ 12-ാമതാണ്.
ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തും ടി20 റാങ്കിംഗില്‍ മൂന്നാമതുമാണ് ബാബര്‍ അസം നിലവിൽ എന്നതും ശ്രദ്ധേയമാണ്. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും മികച്ച റാങ്കിംഗാണ് താരം കൈയ്യടക്കി വെച്ചിരിക്കുന്നത്. ബോളർമാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ മറികടന്ന് പാക് താരം ഷഹീന്‍ അഫ്രീദി മൂന്നാം സ്ഥാനത്തെത്തി.






































