ലൊ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് വിയ്യാറയൽ
കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച അർജന്റീന താരം ജിയോവാനി ലൊ സെൽസോയെ വീണ്ടും ടീമിലെത്തിക്കാൻ നീക്കങ്ങളാരംഭിച്ച് വിയ്യാറയൽ. നിലവിൽ ടോട്ടനം ഹോസ്പറിന്റെ താരമായ ലൊ സെൽസോക്കു വേണ്ടി സ്പാനിഷ് ക്ലബ് ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിൽ നിന്നും ടോട്ടനം ഹോസ്പറിൽ എത്തിയ ലൊ സെൽസോക്ക് അന്റോണിയോ കോണ്ടെയുടെ കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് പോയ സീസണിൽ താരം വിയ്യാറയലിലേക്ക് ചേക്കേറിയത്. ഉനെ എമറി പരിശീലകനായ വിയ്യാറയലിൽ മികച്ച പ്രകടനം നടത്താൻ ലൊ സെൽസോക്ക് കഴിഞ്ഞിരുന്നു.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്തി വിയ്യാറയൽ അത്ഭുതം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെയാണ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള പദ്ധതികൾ വിയ്യാറയൽ ആരംഭിച്ചത്. കൂടാതെ ടോട്ടനത്തിൽ നിൽക്കുന്നതിനേക്കാൾ സാധ്യത സ്പെയിനിൽ കിട്ടുമെന്നാണ് ലൊ സെൽസോയുടെയും പ്രതീക്ഷ.






































