അത്‌ലറ്റികോയിലേക്കുള്ള നീക്കവും പാളിയേക്കും, പ്രതിഷേധവുമായി ആരാധകർ
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള ക്ലബിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി അത്‌ലറ്റികോ മാഡ്രിഡ് ആരാധകർ. മുൻ റയൽ മാഡ്രിഡ് താരമായിരുന്ന റൊണാൾഡോയെ ടീമിൽ എത്തിക്കരുതെന്ന് ആവശ്യവുമായി സോഷ്യൽ മീഡിയ ക്യാമ്പയിനുമായാണ് ആരാധകർ എത്തിയിരിക്കുന്നത്.
റൊണാൾഡോയെ സ്വന്തമാക്കുന്നതിനെതിരെ ‘#ContraCR7’ എന്ന ഹാഷ്‌ടാഗ് ക്യാമ്പയിൻ അത്‌ലറ്റികോ മാഡ്രിഡ് ആരാധകർ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ നിൽക്കുന്ന റൊണാൾഡോയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ആരാധകരുടെ ഈ ക്യാമ്പയിൻ.
റൊണോയെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയിൽ നിന്നും ലോണിൽ കളിക്കുന്ന അന്റോയിന് ഗ്രീസ്‌മനെ ഒഴിവാക്കുന്ന കാര്യവും അത്ലറ്റികോ പരിഗണിച്ചുവരിയായിരുന്നു. ഇതിനിടയിലാണ് അത്ലറ്റികോ മാഡ്രിഡ് ആരാധകർ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്. ആയതിനാൽ താരത്തിന്റെ ഭാവി എന്താകുമെന്ന കാര്യം ഇപ്പോഴും ത്രിശങ്കുവിലാണ്.






































