ഇന്ത്യയുടെ ട്വന്റി-20 മത്സരത്തിന് വീണ്ടും കാര്യവട്ടം വേദിയാകുന്നു, മത്സരം സെപ്റ്റംബറില്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുമെന്ന് സ്ഥിരീകരണം. സെപ്റ്റംബര്‍ 28-നാണ് മത്സരം. നേരത്തെ 2019-ല്‍ ആണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ ഒക്ടോബറില്‍ ഡല്‍ഹിയില്‍ വെച്ചാണ് നടക്കുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയ്ക്കെതിരേയും ഇന്ത്യ കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. 23ന് നാഗ്പൂരില്‍ രണ്ടാം ടി20യും 25ന് ഹൈദരാബാദില്‍ മൂന്നാം ടി20യും നടക്കും.
ഇതിനുശേഷമാണ് 28ന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം വേദിയാവുക. രണ്ടാം ടി20 ഗോഹട്ടിയിലും മൂന്നാം ടി20 ഇന്‍ഡോറിലും നടക്കും.






































